കോട്ടയില്‍ മൊയ്തീന്‍ സാഹിബിന്റെയും പെരുമ്പളം കല്ലിടുംകടവില്‍ കുഞ്ഞോമ്മയുടെയും എട്ടാമത്തെ പുത്രനായി 1937 ഏപ്രില്‍ 2നായിരുന്നു കെ എം അന്ത്രുവിന്റെ ജനനം. വിദ്യാര്‍ത്ഥി ആയിരുന്ന കാലത്തു 1956 ല്‍ സഹപാഠിയായിരുന്ന ഏനാദി രാമചന്ദ്രന്റെ ‘നാളത്തെ പൂക്കള്‍’ എന്ന മാസികയുമായി ബന്ധപെട്ടു പ്രവര്‍ത്തിച്ചു. അന്നത്തെ മാധ്യമങ്ങളായ കേരളഭൂഷണം, കേരളകൗമുദി,കേരളധ്വനി, മലയാള മനോരമ,കലാകൗമുദി ,പ്രഭാതം, ഭാരതഭൂമി എന്നിവയില്‍ ചെറുകഥകളും,ലേഖനങ്ങളും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. ചുറ്റുപാടും കാണുന്ന സാമൂഹികതിന്മകളെയും അനാചാരങ്ങളെയും എഴുത്തിലൂടെ ശക്തിയായി പ്രതിരോധിച്ചു.
1957 ല്‍ ആണ് അദ്ദേഹത്തിന്റെ ആദ്യകഥ പ്രസിദ്ധികരിക്കുന്നത്. ‘പത്തിരിയും ഇറച്ചിയും ‘ എന്ന കഥ ആയിരുന്നു അത്. അന്ന് മുതല്‍ 1970 വരെ സാഹിത്യലോകത്തു വളരെ സജീവമായിരുന്നു അദ്ദേഹം. കാഞ്ഞിരമറ്റം അന്ത്രു എന്ന പേരില്‍ ആയിരുന്നു അക്കാലത്തു അദ്ദേഹം എഴുതിയിരുന്നത്.
അദ്ദേഹത്തിന്റെ ആദ്യ ലേഖനം ‘സാഹിത്യ വഴക്കുകള്‍ ‘ സാഹിത്യത്തിലെ ദ്വിതീയാക്ഷരപ്രാസത്തിന്റെയും, സിംബോളിസത്തിന്റെയും ഒരു അവലോകന പരമ്പര ആയിരുന്നു.
എന്നാല്‍ 1970 കളില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ മറ്റൊരു മണ്ഡലത്തിലേക്ക് മാറി. അത് തൊഴിലിടവുമായി ബന്ധപ്പെട്ടായിരുന്നു.
കാഞ്ഞിരമറ്റം സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ , സെന്റ് ഇഗ്നേഷ്യസ് ഹൈസ്‌ക്കൂള്‍ , മഹാരാജാസ് കോളേജ് എന്നിവടത്തെ വിദ്യാഭ്യാസത്തിനു ശേഷം പൂനാ ഡിഫെന്‍സ് അക്കൗണ്ട് ഓഫീസിലും, തിരുവന്തപുരത്തു പെന്‍ഷന്‍ പേ മാസ്റ്റര്‍ ഓഫീസിലും,പിന്നെ, സതേണ്‍ റെയില്‍വേയില്‍ സ്റ്റേഷന് മാസ്റ്ററും ആയി.
റയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ സംഘടനയാണ് ആള്‍ ഇന്ത്യ സ്റ്റേഷന്‍ മാസ്റ്റേഴ്‌സ് അസോസിയേഷന്‍. 1953 ല്‍ രൂപീകൃതമായ സംഘടന അതിന്റെ ശക്തമായ പോരാട്ടദിനങ്ങളിലൂടെ കടന്നു പോയ കാലഘട്ടമായിരുന്നു 1970 -80 കള്‍ .അക്കാലത്തു ദക്ഷിണ റെയില്‍വേ ആള്‍ ഇന്ത്യ സ്റ്റേഷന്‍ മാസ്റ്റേഴ്‌സ് അസോസിയേഷന്റെ സോണല്‍ പ്രസിഡന്റ് ആയിരുന്നു കെ.എം.അന്ത്രു. അദ്ദേഹം തന്റെ കൂടെ യുള്ളവര്‍ക്കും, താഴ്ന്ന തസ്തികയിലും ജോലി ചെയ്തവര്‍ക്കും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു.
വിരമിച്ച ശേഷവും അദ്ദേഹം റെയില്‍വേ ജീവനക്കാര്‍ക്ക് വേണ്ടി തന്നെ വീണ്ടും പ്രവര്‍ത്തിച്ചു. ‘റെയില്‍ ധ്വനി ‘ എന്ന പേരില്‍ പുറത്തിറക്കുന്ന മുഖപത്രത്തില്‍’സംശയനിവാരണം’എന്ന പേരില്‍ സര്‍വീസ് മാറ്റര്‍ കോളം അദ്ദേഹം കൈകാര്യം ചെയ്തു. മാത്രമല്ല കൊച്ചിയില്‍ താമസിച്ചു കൊണ്ട് റെയില്‍വേ ജീവനക്കാരുടെ കേസുകള്‍ കൈകാര്യം ചെയ്യാനും തുടങ്ങി.
ഒരു പക്ഷെ 1950 -1960 കളില്‍ സാഹിത്യത്തില്‍ വളരെ സജീവമായിരുന്ന അദ്ദേഹം എന്ത് കൊണ്ട് 2000 വരെ അക്കാര്യത്തില്‍ അല്‍പ്പം പിന്നോട്ട് പോയി എന്നതിന് മറ്റൊരു കാരണവും അന്വേഷിക്കേണ്ടതില്ല. കര്‍മ്മ മുഖത്തു സജീവമാകുന്നതിനും, കാരുണ്യോന്മുഖമായ സംഘടനാപ്രവര്‍ത്തനത്തിനും സ്വന്തം പ്രതിഭയും ശബ്ദവും വിട്ടു കൊടുക്കുകയായിരുന്നു.
മാറി പല വീടുകള്‍ മാറി മാറി താമസിച്ചു കുടുംബം നോക്കിയ അന്ത്രുവിനു സ്വന്തം സൃഷ്ട്ടികള്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല . പക്ഷെ പലരുടെയും സഹായത്തോടെ അന്ത്രു കുറെ പ്രസിദ്ധീകരിച്ച കഥകള്‍ തിരിച്ചു പിടിച്ചു. നിധി പോലെ സൂക്ഷിച്ച ആ കഥകളില്‍ നിന്നും എട്ടു കഥകള്‍ തെരഞ്ഞെടുത്തു. ‘പുള്ളിക്കുയിലും, പനിനീര്‍പ്പൂവും, ഒരു സ്‌നേഹബന്ധവും’ എന്ന പേരില്‍ 2004 ല്‍ കെ എം അന്ത്രുവിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങി.
ഡോ: സെബാസ്റ്റ്യന്‍ പോളാണ് അവതാരിക എഴുതിയത്. വളരെ ദീര്‍ഘ ദൃഷ്ടിയോടെ ഒരു നിരീക്ഷണമാണ് 2003 ല്‍ അദ്ദേഹം നടത്തിയത്.
‘പുറബ്ലോക്കിലെ കൈയേറ്റക്കാരനെ പോലെ കഥയുടെ നാലുകെട്ടുകള്‍ക്ക് അരികെ അന്ത്രുവും ഒരു കുടില്‍ കെട്ടിയിരിക്കുന്നു…ആ പുറമ്പോക്കില്‍ നിന്ന് അദ്ദേഹത്തെ അനായാസം ഇറക്കി വിടാനാവില്ലെന്നും, നിര്‍ബന്ധിച്ചാല്‍ പട്ടയം നല്‍കി അംഗീകരിക്കേണ്ടിവരുമെന്നും എനിക്ക് ഉറപ്പുണ്ട്’
1958 മുതല്‍ കഥകള്‍ എഴുതിതുടങ്ങിയ കെ എം അന്ത്രു ബോധപൂര്‍വം അല്ലെങ്കില്‍ കൂടി കഥയുടെ വിസ്മയം ജനിപ്പിക്കുന്ന ക്ഷീരപഥത്തില്‍ ജ്യോതിര്‍ ഗോളമായി എത്തപെടാത്തത് എന്ത് എന്ന് ആരും അദ്ഭുതപെട്ടുപോകും.
2004 ല്‍ ‘പുള്ളിക്കുയിലും, പനിനീര്‍പ്പൂവും, ഒരു സ്‌നേഹബന്ധവും’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിക്കുമ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല അന്ത്രു എന്ന എഴുത്തുകാരന്റെ തിരിച്ചു വരവ്. കഥയെഴുത്തിന്റെ പതുക്കെ പതുക്കെ പ്രണയിച്ചു തുടങ്ങുന്ന നവാഗതനെ പോലെ ആയിരുന്നു അദ്ദേഹം. 2006 മുതല്‍ അദ്ദേഹം എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട് കഥകള്‍ എഴുതാന്‍ തുടങ്ങി. ആദ്യകാലത്തു അദ്ദേഹത്തിന്റെ കഥകളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്ന കേരളഭൂഷണം പത്രത്തില്‍ അവയില്‍ ഏറിയ പങ്കു പ്രസീദ്ധീകരിച്ചു വന്നു. അസാധ്യമല്ലാത്ത സാധ്യതയുടെ മിന്നോലിയാണ് കെ എം അന്ത്രുവിന്റെ തൂലികയിലൂടെ മലയാളസാഹിത്യം പിന്നീട് കണ്ടത്.
2010 ല്‍ ‘ന്യായാധിപനും ഒട്ടകവും’ 2015 ല്‍ ‘ വാഴക്കുല(ചങ്ങമ്പുഴ യുടേതല്ല ), 2016 ല്‍ ‘ The Banana Bunch and other stories ‘, 2017 ല്‍ ‘പദ്മശ്രീ’ എന്നീ കഥാസമാഹാരങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇതിനിടയില്‍ തന്നെ സാഹിത്യദര്‍ശനങ്ങളെ കുറിച്ചും, സാഹിത്യമാഹാരഥന്മാരെയും, അവരുടെ കൃതികളെ കുറിച്ചും തനിക്കും പറയാനുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന തരത്തില്‍ ഉള്ള പഠനാര്‍ഹമായ ലേഖനസമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.2012 ല്‍ ‘ദൂരകാഴ്ചകള്‍’എന്നതാണ് അതില്‍ ഏറെ ശ്രദ്ധേയം.
ഇതിനിടെ 2014 ല്‍ നര്‍മ്മകൈരളിഹാസസാഹിത്യപുരസ്‌കാരവും, 2015 ല്‍ നവരസം സംഗീതസഭയുടെ ഗോവിന്ദ് രചന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

മലയാളസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമാകുമായിരുന്ന ‘പ്രതിഭരേണുക്കള്‍’ എന്ന ലേഖനസമാഹാരം 2017 ല്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങുമ്പോഴാണ് അവിചാരിചിതമായി രോഗം അദ്ദേഹത്തെ പിടികൂടിയത്.
സാഹിത്യം ഏത് രോഗത്തെയും ചികില്‍സിക്കാന്‍ കെല്‍പ്പുള്ള മരുന്നാണ് തെളിയിച്ചു കൊണ്ട് പ്രതിഭരേണുക്കള്‍ എന്ന ആ പുസ്തകം 2018 ല്‍ പുറത്തിറങ്ങി . പത്തു ലേഖനങ്ങള്‍ അടങ്ങുന്ന ‘പ്രതിഭരേണുക്കള്‍’ അധികം ആരും പരിഗണിക്കാത്ത എഴുത്തുകാരെ കുറിച്ചും തമസ്‌കരിക്കപെട്ടുപോയ ചില കൃതികളെ കുറിച്ചും വിശദമായ പഠനമാണ് കാഴ്ച്ച വെക്കുന്നത്. .മലയാള സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ഈ പുസ്തകം ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാകും
ശേഷം 2019 ല്‍ തൂവല്‍സ്പര്‍ശം എന്ന കഥകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. 2020 ല്‍ കെ എം അന്ത്രുവിന്റെ സമ്പൂര്‍ണ കൃതികളുടെ സമാഹരം പുറത്തിറങ്ങാന്‍ തയാറെടുക്കുകയാണ്.
ചുരുങ്ങിയ കാലയളവില്‍ ലോകസാഹിത്യത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ ‘Litteratuer Redefining World ‘ (ലിറ്ററേച്ചര്‍ പുനര്‍നിര്‍വചിക്കുന്ന ലോക) ത്തിന്റെ സ്ഥാപകനും മാനേജിംഗ് എഡിറ്ററുമാണ് കെ എം ആന്ത്രു

അന്ത്രുവിനെ കുറിച്ചു

ജോര്‍ജ് ഓണക്കൂര്‍
സാധാരണയെന്ന മട്ടില്‍ ഒരു കഥപറച്ചില്‍.വളരെ സ്വാഭാവികമായി സംഭവിക്കുന്ന ഹൃദയംഗമഭാവം .ഭാഷയുടെ മിടുക്ക് കാട്ടാലോ സാങ്കേതികജാഡകളോ ഒന്നുമില്ലാതെ അനായാസമായി എഴുതപെട്ട കഥകള്‍.വായനയുടെ സന്തോഷങ്ങളാണ് അവ സമ്മാനിക്കുന്നത്.നേര്‍ത്ത നര്‍മ്മബോധം കഥകളുടെ പൊതുഭൂമികയാണ്.
മാമ്പുഴ കുമാരന്‍
കഥാകാരനായ അന്ത്രുവിന്റെ ജീവിത ദര്‍ശനത്തിന്റെ സ്വഭാവമെന്താണ്? ഒറ്റ വാക്യത്തില്‍ പറയാം.- ആധുനിക ജീവിതത്തിന്റെ സമസ്ത തലങ്ങളിലേക്കും നീളുന്ന പ്രച്ഛന്ന ഹാസ്യത്തിന്റെ സ്വാധീനം.അതാണ് അന്ത്രുകഥകളില്‍ സ്ഥായിയായി വര്‍ത്തിക്കുന്ന ഭാവമണ്ഡലം.

ചുനക്കര രാമന്‍കുട്ടി
ആധുനിക ജീവിതത്തിനെ അടയാളപ്പെടുത്തുന്ന രചനകള്‍ കൊണ്ട് സാഹിത്യത്തില്‍ തന്റെ സാന്നിദ്ധ്യം ചെറുകഥകളില്‍ കൂടിയും ലേഖനങ്ങളില്‍ കൂടിയും അറിയിച്ച എഴുത്തുകാരനാണ് കെ,എം. അന്ത്രു.

ഡോ:എന്‍.എ.കരീം
ദൂരകാഴ്ചകള്‍ എന്നതില്‍ ഏഴു സാഹിത്യകാരന്മാരുടെ നിരൂപണാത്മകമായ ലഖു ജീവചരിത്രങ്ങളാണ്.അവരിലധികവും പല കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരോ വിസ്മരിക്കപ്പെട്ടവരോ അര്‍ഹമായ അംഗീകാരം ലഭിക്കുകയോ ചെയ്യാത്തവരാണ്.എന്നാല്‍ അത്തരക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം പുനഃ സ്ഥാപിക്കുന്നത് ഒരു പ്രതേകതരം സാഹിത്യസപര്യയായി കാണുന്ന അന്ത്രുവിനെ പോലെയുള്ള എഴുത്തുകാര്‍ അപൂര്‍വമാണ്.